തിരുവനന്തപുരം: മൃഗശാലയിൽനിന്ന് പന്നിമാൻ പുറത്ത് ചാടി. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതോടെയാണ് മാൻ പുറത്തുപോയ വിവരം മൃഗശാല അധികൃതർ അറിഞ്ഞത്. ജീവനക്കാർ സമീപപ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിൽ കനകനഗറിലെ ഒഴിഞ്ഞ പറമ്പിൽനിന്ന് കണ്ടെത്തുകയായിരുന്നു.തുടർന്ന് മൃഗശാല ഡോക്ടറെ വിളിച്ചുവരുത്തി മയക്കുവെടി വെച്ച് പിടികൂടി. മണിക്കൂറുകളെടുത്താണ് മാനിനെ തിരികെ മൃഗശാലയിലെത്തിച്ചത്. മാനിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഒരുവർഷത്തിന് മുമ്പ് സമാനമായി മാൻ പുറത്ത് ചാടിയിരുന്നു.