തിരുവനന്തപുരം: മുഖം മിനുക്കാനൊരുങ്ങി ‘ തലസ്ഥാന നഗരത്തിലെ പാർക്കുകൾ. ഗാന്ധി പാർക്ക്, സന്മതി പാർക്ക്, വിവേകാനന്ദ പാർക്ക്, നെഹ്റു പാർക്ക്, ക്ളിഫ് ഹൗസ് പാർക്ക്, ഉള്ളൂർ സ്മാരക പാർക്ക് തുടങ്ങിയവയടക്കം 41 പാർക്കുകളാണ് മുഖം മിനുക്കുന്നത്. ഇവയുടെ പരിപാലനം സ്വകാര്യ ഏജൻസികൾക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം. പാർക്കുകൾ ഏറ്റെടുക്കുന്നതിന് സ്വകാര്യ ഏജൻസികൾ വർഷം തോറും നഗരസഭയ്ക്ക് പണം നൽകണം. പാർക്കുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനൊപ്പം നഗരസഭയ്ക്ക് വരുമാന വർദ്ധനവിനും ഇത് സഹായിക്കും. പദ്ധതിയിലൂടെ നഗരത്തിലെ പാർക്കുകൾ ദീർഘകാലം മികവുള്ളതാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ് നഗരസഭ. അഞ്ചു മുതൽ പത്ത് വർഷം വരെയായിരിക്കും പരിപാലന കാലാവധി. ഇതിനായി ഉടൻ താത്പര്യപത്രം സ്വീകരിക്കുമെന്നാണ് സൂചന. ഇതിന്റെ അവസാനവട്ട ചർച്ചകൾ പൂർത്തിയായി.