തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തിലെ ഫർണസിന്റെ പുകക്കുഴലിൽ തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഫർണസിനുള്ളിലെ ബുഷിൽനിന്ന് തീപടർന്നാണ് പുകക്കുഴലിന്റെ പകുതിയോളം തീപിടിച്ചത്. പുകക്കുഴലിൽനിന്ന് വൻതോതിൽ പുകയുയർന്നപ്പോഴാണ് ജീവനക്കാർ ഇക്കാര്യം അറിഞ്ഞത്. ഈ സമയം തീപടർന്ന് പുകക്കുഴൽ കത്തുന്ന അവസ്ഥയിലായിരുന്നു. ജനവാസ കേന്ദ്രത്തിനു സമീപമായതിനാൽ വലിയ അപകടമുണ്ടാകുമെന്ന പരിഭ്രാന്തിയാണുണ്ടായത്.ജീവനക്കാർ അറിയിച്ചതനുസരിച്ച് ചെങ്കൽച്ചൂളയിൽനിന്ന് അഗ്നിശമനസേനയെത്തി തീയണയ്ക്കാൻ തുടങ്ങി. ഫർണസിനു പുറത്ത് ഉയരമുള്ള പുകക്കുഴലായതിനാൽ ശ്മശാനത്തിനുള്ളിലെത്തിയും വെള്ളം ചീറ്റിയാണ് തീകെടുത്തിയത്. രണ്ടു വാഹനമെത്തിച്ച് ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്