ആര്യനാട് : യുവതിയുടെ കഴുത്തിൽ നിന്നും അഞ്ചര പവന്റെ സ്വർണമാല ബൈക്കിൽ എത്തിയ യുവാവ് പൊട്ടിച്ചെടുത്തു . എലിയാവൂർ കുണ്ടയത്തുകോണം കിഴക്കേക്കര പുത്തൻ വീട്ടിൽ ജി.സൗമ്യയുടെ (35) മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ കുളപ്പട എൽപി സ്കൂളിന് സമീപമാണ് സംഭവം. അമലഗിരി ബഥനി വിദ്യാലയത്തിലെ പിടിഎ യോഗം കഴിഞ്ഞ് കാൽനടയായി സൗമ്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എതിർദിശയിൽ ബൈക്കിൽ എത്തിയ യുവാവ് മാല പൊട്ടിച്ചത്.