തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ മൂന്നാമത് ജല പുരസ്കാര നേട്ടവുമായി തിരുവനന്തപുരം ജില്ല. ജലസംരക്ഷണ പ്രവൃത്തികളിൽ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.ഇതിൽ സൗത്ത് സോണിലെ മികച്ച ജില്ലയ്ക്കുള്ള ദേശീയ പുരസ്കാരമാണ് തിരുവനന്തപുരം നേടിയത്. രണ്ടാം സ്ഥാനം ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയ്ക്കാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണം, പരിപാലനം, ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കരമനയാറിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളും ജലസ്രോതസ്സുകളുടെ ശുചീകരണ പ്രവർത്തനങ്ങളും പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടു.പുനരുജ്ജീവന പദ്ധതിയിലൂടെ 1481.89 കിലോമീറ്ററിലെ ജലസ്രോതസ്സുകളാണ് സംരക്ഷിക്കപ്പെട്ടത്. ജലസംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ 4745 പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നത്.