കോവളം: തിരുവല്ലം-പാച്ചല്ലൂർ, വിഴിഞ്ഞം-പൂവാർ റോഡുകളിലെ അപകടകരമായ കുഴികൾ അടയ്ക്കുമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ. നടപടിക്രമങ്ങൾ പൂർത്തിയാക്കി രണ്ടുദിവസത്തിനുള്ളിൽ അപകടകരമായ കുഴികൾ മൂടും. തിരുവല്ലം സ്റ്റുഡിയോ ജങ്ഷൻ മുതൽ പാച്ചല്ലൂർ ജങ്ഷൻ വരെയുള്ള റോഡും, വിഴിഞ്ഞത്ത് നിന്ന് പൂവാറിലേക്കു പോകുന്ന തീരദേശ റോഡുമാണ് ശോച്യാവസ്ഥയിലായിരിക്കുന്നത്. .വിഴിഞ്ഞം-പൂവാർ റൂട്ടിലെ റോഡ് പൂർണമായും ടാറിടണമെങ്കിൽ ഏകദേശം 18 കോടിയോളം രൂപ വേണ്ടിവരും. ഇതിനുള്ള ഫണ്ടില്ലെന്നും ചീഫ് എൻജിനിയർ പറഞ്ഞു. റോഡിന്റെ പലഭാഗങ്ങളിലും വാഹനങ്ങളുടെ കാഴ്ച മറച്ച് മരങ്ങളുണ്ട്. ഇവയെല്ലാം വെട്ടിവൃത്തിയാക്കി ദിശാബോർഡുകളും സ്ഥാപിക്കണം.