വർക്കല: വർക്കല സബ് ഡിവിഷൻ പരിധിയിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒളിവിൽക്കഴിഞ്ഞുവന്നതുൾപ്പെടെ കുറ്റവാളികൾ പിടിയിലായി. പിടികിട്ടാപ്പുള്ളികളും ഗുണ്ടകളും സ്ഥിരംകുറ്റവാളികളും ഉൾപ്പെടെ 55 പേരെയാണ് കഴിഞ്ഞദിവസം രാത്രി മുഴുവൻ നീണ്ട പരിശോധനയിൽ പിടികൂടിയത്.വർഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങിനടന്ന ആറു പ്രതികളെയും 17 വാറന്റ് പ്രതികളെയും നിലവിൽ അന്വേഷണത്തിലിരിക്കുന്ന കേസുകളിലുൾപ്പെട്ട ഒമ്പത് പ്രതികളെയും അറസ്റ്റു ചെയ്തു. ഗുണ്ടാലിസ്റ്റിലുള്ള 59 പേരെ തിരിച്ചറിയുകയും ഇവരിൽ ഇപ്പോഴും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 23 പേരെ കരുതലായി അറസ്റ്റു ചെയ്യുകയും ചെയ്തു. അവശേഷിക്കുന്ന 36 പേർ പോലീസ് നിരീക്ഷണത്തിലാണ്.