‘കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നു; ജാഗ്രത പാലിക്കണം’

IMG_09012022_103807_(1200_x_628_pixel)

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ആഴ്ചയെക്കാള്‍ ഈ ആഴ്ചയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവ് ഉണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടുതലായി കോവിഡ് ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി. കോവിഡിനും നോണ്‍ കോവിഡിനും വേണ്ടിയുള്ള ആശുപത്രി കിടക്കകള്‍, ഐസിയു, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ പ്ലാന്റുകള്‍, മരുന്നുകളുടെ ലഭ്യത എന്നിവ വിലയിരുത്തി. എല്ലാ ജില്ലകളിലും കേസുകളുടെ എണ്ണം കൂടുന്നുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍. എല്ലാവരും വളരെ ജാഗ്രതയോടെ ഇടപെടാന്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

 

കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയുള്ള ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. എല്ലാ യോഗങ്ങളും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തേണ്ടതാണ്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 13 കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചിട്ടുണ്ട്. 416.63 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനത്ത് ഉത്പാദിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. പ്രായമുള്ളവര്‍, മറ്റനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗമുള്ളവര്‍ക്കുള്ള മരുന്നുകള്‍ വീടുകളിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന് വേണ്ടി അവര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തേണ്ടതില്ല. അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണം.കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ 20 വയസു മുതല്‍ 40 വയസുവരെയുള്ളവരിലാണ് കേസുകള്‍ കൂടുതലായി കണ്ടിട്ടുള്ളത്. ക്രിസ്തുമസ്, ന്യൂ ഇയര്‍ കാലമായതിനാല്‍ സമൂഹവുമായി ധാരാളം ഇടപഴകിയിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്.

 

18 വയസിന് മുകളിലുള്ളവര്‍ക്ക് 99 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് 39 ശതമാനം പേര്‍ക്ക് (5,93,784) വാക്‌സിന്‍ നല്‍കാനായി. 60,421 പേര്‍ക്ക് കരുതല്‍ ഡോസ് നല്‍കാനായി. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ കരുതല്‍ ഡോസ് സ്വീകരിക്കേണ്ടതാണ്. സംസ്ഥാനത്ത് 345 ഒമിക്രോണ്‍ കേസുകളാണുള്ളത് 155 പേര്‍ ആകെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.ജില്ലകളില്‍ ഓരോ സിഎഫ്എല്‍ടിസിയെങ്കിലും തയ്യാറാക്കണമെന്ന് മുഖ്യമന്ത്രിയിലുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശം നല്‍കിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ കോവിഡ് ബ്രിഗേഡ് പുനസ്ഥാപിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബോധവത്ക്കരണ പ്രവര്‍നങ്ങളില്‍ മാധ്യമങ്ങളുടെ പൂര്‍ണ പിന്തുണ മന്ത്രി അഭ്യര്‍ത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!