കോവളം: വിഴിഞ്ഞം 220 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം ഈമാസം നടക്കും. കഴിഞ്ഞ വർഷമാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം പല ഘട്ടങ്ങളിലും നിർമ്മാണം നീളുകയായിരുന്നു. 2021 മാർച്ചിൽ ഉദ്ഘാടനം ലക്ഷ്യമിട്ടായിരുന്നു നിർമ്മാണം ആരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ തന്നെ ഉടമസ്ഥതയിൽ ആഴാകുളത്തുള്ള മൂന്ന് ഏക്കറിലാണ് പുതിയ സബ്‌സ്റ്റേഷൻ നിർമ്മാണം പൂർത്തിയായത്. സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം കഴിയുന്നതോടെ തിരുവനന്തപുരം ജില്ല 220 കെ.വി ഗ്രിഡ് പദവിയിലേക്ക് മാറും. ട്രാൻസ്ഗ്രിഡ് പദ്ധതിയിലുൾപ്പെടുത്തി വിഴിഞ്ഞം സബ്സ്‌റ്റേഷന്റെ നവീകരണവും സമാനമായി ഏറ്റുമാനൂരിൽ പൂർത്തിയായ പദ്ധതിയും ഉൾപ്പെടുത്തി 114.75 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള കൺട്രോൾ റൂം ബിൽഡിംഗ്, കേബിൾ ട്രെഞ്ച് എന്നിവയുടെ ജോലികൾ നേരത്തെ പൂർത്തിയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിനായി കാട്ടാക്കട സബ്‌സ്റ്റേഷനിൽ നിന്ന് വിഴിഞ്ഞത്തേക്ക് നിർമ്മിച്ച 220 കെ.വി ലൈനിലൂടെയാണ് പുതിയ സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിക്കുക. 220/110 കെ.വിയുടെ 100 എം.വി.എ ശേഷിയും 110/11 കെ.വിയുടെ 20 എം.വി.എ ശേഷിയുമുള്ള രണ്ടുവീതം ട്രാൻസ്‌ഫോർമറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മുട്ടത്തറയിലും വേളിയിലുമുള്ള സബ്‌സ്റ്റേഷനുകൾക്കായി 110 കെ.വി ഭൂഗർഭ കേബിൾ ഫീഡറുകൾക്കായുള്ള ഉപകരണ സജ്ജീകരണങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.