വർക്കല:ഏണാർവിള കോളനിയിൽ ഗൃഹനാഥൻ മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പോലീസ്. മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ അച്ഛന്റെ തലയ്ക്കടിച്ചു മകൻ കൊലപ്പെടുത്തുകയായിരുന്നു.
വർക്കല, ചെമ്മരുതി, ഏണാർവിള കോളനിയിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ ആണ് സംഭവം. കല്ലുവിള വീട്ടിൽ സത്യൻ(65) ആണ് മരണപ്പെട്ടത്. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസിന്റെ അന്വേഷണത്തിൽ , വിശദമായ പരിശോധനയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ കൊലപാതകം എന്ന് പോലീസ് കണ്ടെത്തി.
ഞായറാഴ്ച വൈകുന്നേരം 4 മണിയോടുകൂടി സത്യൻ മദ്യപിച്ച് വീട്ടിലെത്തുകയും ആ സമയം വീട്ടിൽ കിടന്ന് ഉറങ്ങിയ മകൻ സതീഷു (30) മായി വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ചുറ്റിക ഉപയോഗിച്ച് മർദ്ദിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജീവഹാനി ഭയന്ന് മകൻ അച്ഛന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തുടർന്ന് സത്യനെ മകൻ സതീഷ് പിടിച്ചു തള്ളുകയും വാതിൽ പടിയിലെ ചെങ്കല്ലു പടിയിൽ വന്ന് വീഴുകയുമായിരുന്നു. ചുറ്റിക കൊണ്ട് അടിച്ചതിൽ തലയോട്ടി പിളർന്നതും കഴുത്തു ഞെരിച്ചതുമാണ് മരണ കാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
തുടർന്ന് ബോധം നഷ്ടപ്പെട്ട സത്യനെ അയൽവാസികളും നാട്ടുകാരും ചേർന്നു ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. നാട്ടുകാർ തന്നെയാണ് പോലീസിനെയും വിവരം അറിയിച്ചത് . സംഭവം നടക്കുമ്പോൾ സത്യന്റെ ഭാര്യ ശോഭന വീട്ടിനകത്ത് ഉണ്ടായിരുന്നു. സ്ഥിരം വഴക്ക് ആയതിനാൽ ഇവർ ശ്രദ്ധിക്കാതെ വീടിന് പിറകിൽ ഇരുന്ന് പാത്രങ്ങൾ കഴുകുക ആയിരുന്നു. മരണപ്പെട്ട സത്യനും മകനും തട്ടിന്റെ പണിക്കാരാണ് . അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. സഹോദരി ശ്യാമള വിവരം അറിഞ്ഞു എത്തിയപ്പോൾ ബോധ രഹിതനായി നിലത്തു കിടക്കുന്ന സത്യനെ ആണ് കണ്ടത്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് വലത് ചെവിയുടെ മുകളിൽ ആഴത്തിൽ ഉള്ള മുറിവ് ആയുധം ഉപയോഗിച്ച് ഉള്ളത് ആണെന്നും പോലീസ് വ്യക്തമാക്കി. സതീഷിനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫോറൻസിക് വിദഗ്ധർ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കൊലയ്ക്കുപയോഗിച്ച വെട്ടുകത്തിയും , ചുറ്റികയും പോലീസ് തെളിവെടുപ്പിനിടയിൽ കണ്ടെടുത്തു.