തിരുവനന്തപുരം : നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്ത് കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലുള്ള നിർദ്ദേശം നഗരപരിധിയിലെ എല്ലാ സ്റ്റേഷൻ ഹuസ് ഓഫീസർമാർക്കും നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്.
വിഷയത്തിൽ സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചു. കന്റോൺമെന്റ് സബ്ഡിവിഷൻ പരിധിയിലെ പോലീസ് സ്റ്റേഷനുകൾക്ക് നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. സ്റ്റാച്യു ജംഗ്ഷനിലെ നടപ്പാത പാർക്കിംഗ് നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. പോലീസും നഗരസഭയും ചേർന്ന് പ്രത്യേകം ട്രാഫിക് വാർഡൻമാരെ നിയോഗിച്ച് അനധികൃത പാർക്കിംഗ് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കന്റോൺമെന്റ് പോലീസ് സ്റ്റേഷനു സമീപവും സെക്രട്ടേറിയേറ്റ് അനക്സ് സമുച്ചയങ്ങൾക്ക് മുന്നിലുമുള്ള നടപ്പാത സ്ഥിരമായി കൈയേറുന്നുണ്ടെന്ന് പരാതിക്കാരനായ തിരുവനന്തപുരം വികസന ഫോറം സെക്രട്ടറി എം. വിജയകുമാരൻ നായർ പറഞ്ഞു. കന്റോൺമെന്റ് പോലീസ് സ്റ്റേഷന് സമീപമുള്ള ടൈൽ വിരിച്ച നടപ്പാതയിൽ വാഹനം പാർക്ക് ചെയ്തിരിക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.