തിരുവനന്തപുരം:വൈഷ്ണവക്ഷേത്രങ്ങളിലെ പ്രധാന ആഘോഷമായ സ്വർഗവാതിൽ ഏകാദശി വ്യാഴാഴ്ച. 14-നാണ് മകരസംക്രാന്തി. ഉത്തരായന കാലം തുടങ്ങുന്ന മകരം ഒന്ന് 15-നാണ്. തമിഴ് ആചാരപ്രകാരമുള്ള തൈപ്പൊങ്കൽ 15ന്.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശിക്കും മകരസംക്രാന്തിക്കും രാത്രി 8.30-ന് പൊന്നും ശീവേലി ഉണ്ടായിരിക്കും. 14-ന് രാത്രി ദേവനെ കനകനിർമിതമായ ഗരുഡവാഹനത്തിൽ എഴുന്നള്ളിക്കും. ഒപ്പം വലിയകാണിക്കയും നടക്കും. ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ അവസരമുണ്ടായിരിക്കും. ഏഴുദിവസമായി നടക്കുന്ന മാർകഴി കളഭം 14ന് അഭിഷേകത്തോടെ അവസാനിക്കും.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശി ദിവസം ദർശനസമയത്തിൽ മാറ്റമുണ്ടാകും. വെളുപ്പിന് 2.30 മുതൽ 4.15 വരെ നിർമാല്യദർശനം പടിഞ്ഞാറെ നടവഴി മാത്രം അനുവദിക്കും. തുടർന്ന് അഞ്ചു മുതൽ 6.15 വരെയും 6.30 മുതൽ 7.15 വരെയും 8.30 മുതൽ 12.30 വരെയും വൈകീട്ട് മൂന്നുമണി മുതൽ 6.15 വരെയും ദർശനമുണ്ടായിരിക്കും. രാത്രി 8.30 മുതൽ ഒൻപതുവരെ ശ്രീബലി ദർശനം. തുടർന്ന് ശ്രീകോവിലിലേക്ക് ദർശനത്തിന് സൗകര്യമുണ്ടാകും.
