തിരുവനന്തപുരം; നഗരത്തിലെ ആശുപത്രികൾ , ഓഫീസുകൾ , വാണിജ്യകേന്ദ്രങ്ങൾ , എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സിറ്റി സർവ്വീസിന്റെ രണ്ടാം ഘട്ടമായുള്ള സിറ്റി ഷട്ടിൽ സർവ്വീസിന് വ്യാഴാഴ്ച (ജനുവരി 13) മുതൽ തുടക്കമാകും. രാവിലെ 9 മണിക്ക് പാപ്പനംകോട് ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽവെച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു ടുഡേ ടിക്കറ്റ് പ്രകാശം ചെയ്യും.
രണ്ടാം ഘട്ടത്തിൽ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ള വിവിധ സ്ഥലങ്ങളെ സിറ്റി സർക്കുലറിലേക്ക് ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. വളരെ ദൂരെ നിന്നും നഗരത്തിലേക്ക് എത്തുമ്പോൾ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ളവർക്ക് സമയത്ത് ഓഫീസിൽ എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിന് മാറ്റം വരുത്താനാണ് സിറ്റി ഷട്ടിൽ സർവ്വീസുകൾ ആരംഭിക്കുന്നത്.
സിറ്റി ഷട്ടിൽ ആരംഭിക്കുന്ന റൂട്ടുകൾ
പള്ളിച്ചൽ – കിഴക്കേകോട്ട- തമ്പാനൂർ
മുടവൻമുകൾ – ജഗതി- ബേക്കറി ജംഗ്ഷൻ
മലയിൻകീഴ്- തിരുമല
കരകുളം- പേരൂർക്കട
വട്ടപ്പാറ- മെഡിക്കൽ കോളേജ്
കഴക്കൂട്ടം – ശ്രീകാര്യം- മെഡിക്കൽ കോളേജ്
പോത്തൻകോട്- ആക്കുളം- മെഡിക്കൽകോളേജ്
ശ്രീകാര്യം- പോങ്ങുമൂട്- മെഡിക്കൽ കോളേജ്
ആനയറ – ഒരുവാതിൽക്കോട്ട- മെഡിക്കൽ കോളേജ്
വേളി- ചാക്ക- മെഡിക്കൽ കോളേജ്.
കുളത്തൂർ- മെഡിക്കൽ കോളേജ്
കോവളം- തിരുവല്ലം- തിരുവനന്തപുരം
പൂവ്വാർ – തിരുവനന്തപുരം
തുടങ്ങിയ തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിൽ നിന്നും എത്തുന്ന സിറ്റി ഷട്ടിലുകൾ തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസുമായി യോജിപ്പിക്കും. ഈ ഷട്ടിൽ സർവ്വീസുകളുടെ ആദ്യ സർവ്വീസുകളുടെ ഉദ്ഘാടനമാണ് വ്യാഴാഴ്ച നടത്തുക. ഇതിൽ രണ്ട് ബസുകൾ പള്ളിച്ചൽ- കിഴക്കേകോട്ട- തിരുവനന്തപുരവും, രണ്ടെണ്ണം പ്രാവച്ചമ്പലം, കിഴക്കേക്കോട്ട- തിരുവനന്തപുരവും, രണ്ടെണ്ണം നേമം- കിഴക്കേകോട്ട-തിരുവനന്തപുരം എന്നിങ്ങനെ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ 15 മുതൽ 30 മിനിട്ട് സമയം ഇടവേളകളിൽ സർവ്വീസ് നടത്തും.
ഇതോടൊപ്പം ടുഡേ ടിക്കറ്റും മന്ത്രി ആന്റണി രാജു പുറത്തിറക്കും. സിറ്റി സർക്കുലർ ബസിൽ 24 മണിയ്ക്കൂർ സമയം പരിധിയില്ലാതെ എല്ലാസർക്കിളിലും യാത്ര ചെയ്യാൻ പ്രാരംഭ ഓഫറായി 50 രൂപയ്ക്ക് ഗുഡ് ഡേ ടിക്കറ്റ് നൽകി വരുന്നുണ്ട്. എന്നാൽ പ്രതിദിനം യാത്രക്കാരുടെ കുറഞ്ഞ യാത്രാവാശ്യത്തിനായി 12 മണിയ്ക്കൂർ പരിധിയുള്ള ടുഡേ ടിക്കറ്റ് പുറത്തിറക്കുന്നു. പ്രാരംഭ ഓഫർ ആയി കേവലം 30 രൂപയ്ക്ക് 12 മണിയ്ക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാനുമാകും.