ബാലരാമപുരം : ധനുവച്ചപുരത്ത് വീടുകയറി ആക്രമണം നടത്തിയ ഗുണ്ടാസംഘത്തിലെ നാലുപേർ പിടിയിൽ. ധനുവച്ചപുരം ജംക്ഷനിൽ താമസിക്കുന്ന സുരേഷിന്റെ വീടാക്രമിച്ച കേസിലാണ് അറസ്റ്റ്. ഷാഡോ പൊലീസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ വെച്ചാണ് പ്രതികളെ പാറശാല പൊലീസ് പിടിച്ചത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. മഞ്ചവിളാകം സ്വദേശികളായ ഗോഡ്‍വിൻ, സാവിൻ, അജിത്, അനൂപ് എന്നിവരാണ് പിടിയിലായത്. അയൽവാസിയുടെ പരസ്യമദ്യപാനം ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു സുരേഷെന്ന ഗൃഹനാഥന് നേരെ വീടുകയറി ഈ സംഘം ആക്രമണം നടത്തിയത്. ഇതിന് നേതൃത്വം നൽകിയ അയൽവാസിയായ സാമിനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. സാം വിളിച്ചുവരുത്തിയ 20 അംഗസംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ സുരേഷ്, ഭാര്യ ഷീജ, സഹോദരൻ അൻീഷ് എന്നിവർക്ക് പരിക്കേറ്റിരുന്നു.