തിരുവനന്തപുരം; നഗരത്തിന് പുറത്തുള്ള യാത്രാക്കാർക്ക് വേഗത്തിൽ നഗരത്തിൽ എത്തുന്നതിന് വേണ്ടി കെഎസ്ആർടിസി ആരംഭിച്ച സിറ്റി ഷട്ടിൽ സർവ്വീസിന് തുടക്കമായി. പാപ്പനംകോട് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സർവ്വീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആന്റണി രാജു സിറ്റിസർക്കുലർ, സിറ്റി ഷട്ടിൽ സർവ്വീസുകളിൽ പുതിയതായി ആരംഭിച്ച ടുഡേ ടിക്കറ്റ് പുറത്തിറക്കി.നഗരത്തിലെ ആശുപത്രികൾ , ഓഫീസുകൾ , വാണിജ്യകേന്ദ്രങ്ങൾ , എന്നിവിടങ്ങളിലേക്ക് ആരംഭിച്ച സിറ്റി സർവ്വീസിന്റെ രണ്ടാം ഘട്ടമായാണ് കെഎസ്ആർടിസി സിറ്റി ഷട്ടിൽ സർവ്വീസിന് ആരംഭിച്ചത്.
കഴിഞ്ഞ ഏഴ് മാസം കൊണ്ട് കെഎസ്ആർടിസിക്ക് പുതു ജീവൻ വെച്ചതായി ഫ്ലാഗ് ഓഫ് നിർവ്വഹിച്ച മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കെഎസ്ആർടിസിയെ രക്ഷിക്കാൻ വകുപ്പ് മന്ത്രിയും, സിഎംഡിയും നൂറ് മൈൽ സ്പീഡിൽ ഓടുകയാണ്. ആ ജാഗ്രത ജീവനക്കാരുടെ ഭാഗത്തും വേണമെന്ന് മന്ത്രി. വി. ശിവൻകുട്ടി പറഞ്ഞു. പൊതുജനങ്ങൾക്ക് കെഎസ്ആർടിസിയെ ഇഷ്ടമാണ്. ആ ഇഷ്ടം വർദ്ധിപ്പിക്കാൻ ജീവനക്കാരാണ് ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് – ഒമിക്രോൺ നിയന്ത്രണങ്ങൾക്ക് ശേഷം പ്രധാനപ്പെട്ട സ്കൂളുകൾ കേന്ദ്രീകരിച്ച് ഷട്ടിൽ സർവ്വീസ് നടത്താൻ താൽപര്യമുള്ളതായും മന്ത്രി അറിയിച്ചു.
സിറ്റി സർക്കുലർ സർവ്വീസിൽ ജനുവരി 15 വരെ ഒറ്റ സർക്കിൾ സർവ്വീസിന് അനുവദിച്ചിരുന്ന 10 രൂപ ടിക്കറ്റ് മാർച്ച് 31 വരെ നീട്ടിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആന്റണി രാജുവും അറിയിച്ചു. യാത്രക്കാർ കൂടുതൽ സഹകരിച്ചാൽ ഇനിയും 10 രൂപ ടിക്കറ്റിന്റെ കാലാവധി നീട്ടും. നിലവിലെ സ്ഥിതിയിൽ നഗരത്തിൽ എത്തുന്ന 60 മുതൽ 80 % പേരും നഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളിൽ നിന്നുള്ളവരാണ്. ഇവർ നഗരത്തിലെത്താൻ കൂടുതൽ ആശ്രയിക്കുന്ന ദീർഘ ദൂര ബസുകളെയാണ്. പാറശാല, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ളടിയങ്ങളിൽ നിന്നും വരുന്ന ദീർഘ ദൂര ബസുകളിൽ യാത്രക്കാർ നിറഞ്ഞ് വരുന്നതിനാൽ ഇവർക്ക് ബസിൽ യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു. അതിന് പരിഹാരമായാണ് സിറ്റി ഷട്ടിൽ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സിറ്റി സർക്കുലറിലും, ഷട്ടിലിലും മാസകാർഡ് ഇറക്കും. ഇതും യാത്രക്കാർക്ക് സഹായകരമാകും.
നഗരത്തിൽ പാരിസ്ഥിതിക പ്രശ്നം കുറയ്ക്കാനായി കെഎസ്ആർടിസി ഇനി വാങ്ങുന്ന ഇലക്ട്രിക് ബസുകളും, സിഎൻജി ബസുകളും നഗരത്തിലെ സർവ്വീസിന് നൽകുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ ആവശ്യപ്രകാരം സർവ്വീസ് ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ അന്തിമതീരുമാനം എടുത്തതായും ഏപ്രിൽ മാസം സർവ്വീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സൗമ്യ, കെഎസ്ആർടിഇഎസ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, പാറക്കുഴി സുരേന്ദ്രൻ, കെഎസ്ആർടിസി സോണൽ ട്രാഫിക് ഓഫീസർ ജേക്കബ് സാം ലോപ്പസ് തുടങ്ങിയവർ പങ്കെടുത്തു.