കോവളം: കോവളം തീരത്ത് തിമിംഗല ഛർദ്ദി എന്നറിയപ്പെടുന്ന ആംബർ ഗ്രീസിന് സമാനമായ വസ്തു അടിഞ്ഞു. എന്നാല്‍ ഇത് ആംബർ ഗ്രീസ് തന്നെയാണോയെന്ന് സ്ഥിരീകരണമായില്ലെന്ന് അധികൃതർ അറിയിച്ചു. സുഗന്ധദ്രവ്യ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏറ്റവും കൂടിയ ഇനം തിമിംഗല ഛർദ്ദിലിന് വിപണിയിൽ കിലോക്ക് ഒരു കോടിയിൽപ്പരം രൂപ വിലയുണ്ടെന്നാണ് പറയുന്നത്. നിരവധി വർഷങ്ങൾ കൊണ്ട് രൂപം കൊള്ളുന്ന വസ്തു തിമിംഗലങ്ങൾ ഛർദ്ദിക്കുമ്പോഴോ അവ ചത്ത് പോകുമ്പോഴോ ആണ് കരക്കടിയുന്നതെന്ന് വിഴിഞ്ഞത്തെ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് കോവളം ഹവാബീച്ചിൽ തീരത്തോടു ചേർന്ന് മെഴുക് രൂപത്തിലുള്ള അപൂർവ വസ്‌തു കണ്ടത്. ലൈഫ് ഗാർഡ് പൊലീസിനെ വിവരമറിയിച്ചതനുസരിച്ച് കോവളം പൊലീസ് സ്ഥലത്തെത്തി. വിഴിഞ്ഞം സി.എം.എഫ്.ആർ.ഐ ഉദ്യോഗസ്ഥർ നൽകിയ വിവരമറിയിച്ചതനുസരിച്ച് ഫോറസ്റ്റിന്റെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജി.എസ്. റോഷ്‌നി, ആർ. രഞ്ജിത്ത് എന്നിവർ സ്ഥലത്തെത്തി സാമ്പിളുകൾ പരിശോധനയ്ക്കായി ആർ.ജി.സി.ബി ലാബിലേക്ക് അയച്ചു. അപൂർവ വസ്‌തുവിന് 1.26 മീറ്റർ നീളവും 52കിലോ ഭാരവുമുണ്ട്. പ്രാഥമിക വിവരമനുസരിച്ച് അടിഞ്ഞത് ആംബർ ഗ്രീസ് ആണെന്നാണ് സൂചനയെങ്കിലും ലാബ് പരിശോധനാ ഫലം വന്നാലേ വ്യക്തമാകൂവെന്ന് വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു.