തിരുവനന്തപുരം : 2013 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പതിനഞ്ചുകാരിയുടെ ജീവിതം മാറ്റിമറിച്ചത്.ജന്മനാ മനോരോഗിയായ കുട്ടിയെ സമീപത്തുള്ള രണ്ട് പേർ പീഡിപ്പിച്ചത്. മനോരോഗിയായ അമ്മ തടഞ്ഞിട്ടും പ്രതികൾ ഈ പെൺകുട്ടിയെ വെറുതെ വിട്ടില്ല. പീഡന ശ്രമം എതിർത്തപ്പോൾ ക്രൂരമായി മർദ്ദനവുമേറ്റു.ഈ സംഭവത്തിന് ശേഷം കുട്ടിയുടെ മനോരോഗം കൂടി. മനോനില തെറ്റിയ അമ്മയും തൊണ്ണൂറ് വയസ്സായ അമ്മുമ്മയും മാത്രമാണ് ഏക ആശ്രയം.കുട്ടിയെ ചികിത്സക്ക് കൊണ്ട് പോകാൻ ആരുമില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയുമില്ല.ചികിത്സ മുടങ്ങിയതിനാൽ കുട്ടിയുടെ മനോനില കൂടുതൽ തെറ്റിയിരുന്നു. കുറച്ച് വർഷങ്ങളായി സംസാരിക്കുന്നില്ല.
“എനിക്ക് കരാട്ടെ പഠിക്കണം… എന്നെ പിടിച്ചവനെ ഇടിക്കണം…. ” ഇനിയും എന്തോ പറയണമെന്നുണ്ടെങ്കിലും അവളുടെ ശബ്ദം ഇടറി.തൻ്റെ ജീവിതം തകർത്ത ആ പീഡന സംഭവം ഓർത്ത് അവൾ നിശബ്ദയായി. അവൾക്ക് എന്തോ പറയണമെന്നുണ്ട്, പക്ഷെ ശബ്ദം ഇടറി.തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയിലാണ് സംഭവം . പോക്സോ കേസിൽ മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ മനോനില തെറ്റിയ പെൺകുട്ടിയാണ് ഇത് പറഞ്ഞത്. കോടതിയുടെ സാക്ഷി കൂട്ടിൽ നിന്ന് തന്നെ പീഡിപ്പിച്ച ആ ദുരന്തം മനസ്സിലുണ്ടെങ്കിലും പറയാനാകാതെ അവൾ വിതുമ്പി. സംഭവത്തെ കുറിച്ച് ജഡ്ജി ആർ.ജയകൃഷ്ണൻ ചോദിച്ചപ്പോഴാണ് ഇത്രയും പറഞ്ഞത്. മനോനില തകർന്ന ഇരയക്ക് വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെന്ന് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടു.ഇത് പരിഗണിച്ച് കോടതി ഇരയക്ക് അടിയന്തിര ചികിത്സ നൽകണമെന്ന് ഉത്തരവിട്ടു.മെഡിക്കൽ കോളേജിലെ സൈക്കാട്രി വിഭാഗത്തിൽ ചികിത്സ നടത്താൻ വേണ്ട നടപടികൾ എടുക്കണമെന്നും നിർദ്ദേശിച്ചു.കുട്ടിയെ ചികിത്സിക്കാൻ അയക്കണോയെന്ന് അമ്മയോടും അമ്മുമ്മയോടും കോടതി ആരാഞ്ഞപ്പോൾ ഇരുവരും സമ്മതിച്ചു.തുടർന്ന് കുട്ടിക്ക് ചികിത്സയക്ക് വേണ്ട സഹായം നൽക്കാൻ കോടതി പൂജപ്പുര പൊലീസിന് നിർദ്ദേശം നൽകി.