തിരുവനന്തപുരം: ജില്ലയിൽ 18 സജീവ കോവിഡ് ക്ലസ്റ്ററുകൾ. ജില്ലയിലെ 12 കോളേജുകളിലായി വിദ്യാർഥികൾക്കടക്കം 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂറോളം വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം എൻജിനിയറിങ് കോളേജ് അടച്ചു.മിക്ക കോളേജുകളുടെയും ഹോസ്റ്റലുകൾ അടച്ച് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ശ്രീചിത്ര ആശുപത്രിയിൽ ഡോക്ടർമാരടക്കം 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറച്ചു. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50-ലേറെ പോലീസുകാർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. രണ്ട് എസ്.എച്ച്.ഒ.മാരടക്കമാണിത്.
കരവാരത്ത് എൻ.സി.സി ക്യാമ്പിലും കൂട്ടത്തോടെ കോവിഡ് വ്യാപിച്ചു. ക്യാമ്പിലെ 25 പേർക്കാണ് രോഗബാധയുണ്ടായത്. ഗവ. കോളജ് ഓഫ് എൻജിനിയറിങ്, പാപ്പനംകോട് എസ്.സി.ടി. എൻജിനിയറിങ് കോേളജ്, എൽ.ബി.എസ്., ബാർട്ടൺഹിൽ തുടങ്ങിയ കോളേജുകളിലെ ഹോസ്റ്റലുകൾ ഒഴിപ്പിച്ചു.തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ വിദ്യാർഥികൾക്കിടയിൽ വൻ തോതിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 84 വിദ്യാർഥികൾക്കാണ് രണ്ടു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാന വിദ്യാർഥികൾ ഒഴികെയുള്ളവരോട് ഉടൻ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകി. ക്ലാസുകൾ ഓൺലൈനാക്കി. ഇന്ന് കോളേജിൽ കൂട്ട കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പാപ്പനംകോട് എസ്.സി.ടി. എൻജിനിയറിങ് കോേളജിൽ 45 വിദ്യാർഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഏതാനും ദിവസം മുൻപ് ഇവിടെ തിരഞ്ഞെടുപ്പു നടത്തിയിരുന്നു. അതാണ് വ്യാപനം രൂക്ഷമാകാൻ കാരണം. ഇതിനിടെ, അവസാന വർഷക്കാരുടെ ഇന്റേണൽ പരീക്ഷ ഓഫ്‌ലൈനായി നടത്താൻ കോളേജ് അധികൃതർ തീരുമാനിച്ചതിനെതിരേ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.