തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർക്കും ഫാർമസി വിദ്യാർഥികൾക്കുമടക്കം കഴിഞ്ഞ പത്തു ദിവസത്തിനിടെ 173 പേർക്കാണ് കോവിഡ് ബാധിച്ചത്.ബുധനാഴ്ച 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫാർമസി കോളേജിലെ 61 വിദ്യാർഥികൾക്കും ഒമ്പത് അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.33 പാരാമെഡിക്കൽ വിദ്യാർഥികൾക്കും രോഗബാധയുണ്ട്. ആറ് മെഡിക്കൽ വിദ്യാർഥികളും 12 നഴ്‌സിങ് സ്റ്റാഫും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
47 പേർ മെഡിക്കൽ കോളേജിലും മറ്റുള്ളവർ ഗൃഹനിരീക്ഷണത്തിലുമാണ്. വിദ്യാർഥികൾ പുതുവത്സരാഘോഷത്തിനായി കോളേജിൽ ഒത്തുകൂടിയിരുന്നു.ഇതിൽ പങ്കെടുത്തവർക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. പുതുവത്സരാഘോഷത്തിനു ശേഷം കോളേജിൽ ക്ലാസുകൾ നടന്നിരുന്നു. ഇതോടെയാണ് കൂടുതൽ പേരിലേക്ക് കോവിഡ് പടർന്നത്.ഇത്രയും വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതോടെ കോളേജിനെ ക്ലസ്റ്ററായി കണക്കാക്കി ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലാണ് ഫാർമസി കോളേജും പ്രവർത്തിക്കുന്നത്.