തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാർ. ടിപിആർ മുപ്പതിന് മുകളിലുള്ളയിടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ജനജീവിതം തടസപ്പെടുത്താതെ പൊതുയിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കണമെന്ന് സർക്കാർ നിർദേശിക്കുന്നു. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.