തിരുവനന്തപുരം :കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ ടി.കെ ദിവാകരൻ റോഡ്, പാപ്പനംകോട് വാർഡിലെ അമൃത നഗർ സ്ട്രീറ്റ് എന്നീ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ രാത്രി 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല.
പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്ന് സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് /മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി
കോവിഡ് വ്യാപന നിരക്ക് നിയന്ത്രണവിധേയമായതിനെ തുടർന്ന് വെള്ളനാട് പഞ്ചായത്തിലെ വെള്ളനാട് ടൗൺ വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.