തിരുവനന്തപുരം: മികച്ചയിനം തെരുവ് നായ്കുഞ്ഞുങ്ങളെ ദത്തെടുക്കാനും അവയെ സംരക്ഷിക്കുവാനും നഗരസഭ ജനങ്ങൾക്ക് അവസരം നൽകുന്നു. ഇതിന്റെ ഭാഗമായി ജനുവരി ഇരുപത്തി രണ്ടാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് പൂജപ്പുര സ്റ്റേഡിയത്തിൽ വച്ച് നഗരസഭ പപ്പി അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൃഗക്ഷേമ സംഘടനകളായ പീപ്പിൾ ഫോർ അനിമൽസ്, സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ കൂടാതെ വിവിധ മൃഗസ്നേഹികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പേ വിഷ പ്രതിരോധ കുത്തിവെയ്പ് നൽകിയ നാടൻ നായ് കുഞ്ഞുങ്ങളെ ദത്ത് എടുക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കും. തെരുവുനായ് കുഞ്ഞുങ്ങളെ സംരക്ഷിക്കുക വഴി അവ തെരുവിൽ ഉപേക്ഷിക്കപ്പെടാനുള്ള സാധ്യത കുറയുകയും അവയ്ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭിക്കുകയും ചെയ്യുന്നു. നായ്കുഞ്ഞുങ്ങളെ ദത്ത് എടുക്കുവാൻ താൽപര്യമുള്ളവർക്ക് നഗരസഭയുടെ വെബ്സൈറ്റായ tmc.lsgkerala.gov.in വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.