തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള യുവതി മരിച്ച സംഭവത്തിൽ സഹോദരനും നഗരസഭയിലെ ക്ലാർക്കുമായ സുരേഷിനെ (41) പൂജപ്പുര പൊലീസ് അറസ്റ്റുചെയ്‌തു. ഇയാളുടെ സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നിഷയ്‌ക്ക് 9ാം തീയതി മർദ്ദനമേറ്റിരുന്നതായും ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു. വീട്ടിലെ കുളിമുറിയിൽ വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് സുരേഷ് പറഞ്ഞിരുന്നത്. അതേസമയം പിന്നീട് ഇവർക്ക് മർദ്ദനമേറ്റിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സ്ഥിരം മദ്യപാനിയായ സുരേഷ് കുണ്ടമൺകടവിൽ നിന്ന് പൂജപ്പുരയിലെ വാടക വീട്ടിൽ താമസമക്കിയിട്ട് ഒരു മാസത്തോളമായി. ഇരുവരും പേയാട് സ്വദേശികളാണ്. നഗരസഭ ജീവനക്കാരനായ ഇയാൾ രാവിലെ മുതൽ മദ്യപാനം ആരംഭിക്കും. അടുത്തകാലത്തായി ജോലിക്ക് പോയിരുന്നുമില്ല. വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞ് ഇയാൾ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവർ ആംബുലൻസുമായെത്തുമ്പോൾ സഹോദരി ബോധമില്ലാതെ തറയിൽ കിടക്കുന്നതാണ് കണ്ടത്. സംശയത്തെ തുടർന്ന് ഇവരാണ് വിവരം രാവിലെ ഒമ്പതോടെ പൊലീസിനെ അറിയിക്കുന്നത്.പൊലീസെത്തി മരണം സ്ഥിരീകരിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംശയത്തെ തുടർന്ന് സുരേഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളിൽ ഇവരുടെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കുമൂലമാണെന്ന് വ്യക്തമായി. തലയുടെ ഒരുഭാഗവും തുടയിലും ഗുരുതര പരിക്കുണ്ടെന്നും കണ്ടെത്തിയിരുന്നു.തുടർന്ന് വിശദമായി ചോദ്യം ചെയ്‌തതോടെയാണ് സുരേഷ് കുറ്റം സമ്മതിച്ചത്.