തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആൺവേഷത്തിൽ കഴിയുന്ന യുവതി അറസ്റ്റിൽ. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27) ആണ് അറസ്റ്റിലായത്. മാവേലിക്കര സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയ കേസിലാണു പ്രതിയെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതിയെ തൃശൂരിൽ നിന്നാണ് പിടികൂടിയത്. അറസ്റ്റിലായ സന്ധ്യ 2016ൽ 14 വയസുള്ള പെൺകുട്ടികളെ ഉപദ്രവിച്ചതിനു കാട്ടാക്കട സ്റ്റേഷനിൽ രണ്ട് പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.