തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു.വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലും ക്ലസ്റ്ററുകൾ രൂപപ്പെട്ട അവസ്ഥയാണുള്ളത്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി അടച്ച നിലയിലാണ്.
വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വനംമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം മൂന്നുദിവസം മുൻപുതന്നെ താൽക്കാലികമായി നിർത്തിവെക്കുകയും അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളിൽ നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയിലും നിരവധി പേർ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇതിനു പിന്നാലെ സെൻട്രൽ ലൈബ്രറി അടച്ചു. 23-ാം തീയതി വരെയാണ് സെൻട്രൽ ലൈബ്രറി അടച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം പുനഃരാരംഭിക്കണമെന്ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്ന് ആവശ്യം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. അണ്ടർ സെക്രട്ടറി വരെയുള്ളവർക്കെങ്കിലും വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.