കോവളം: പാരാസെയിലിങ്ങിനായി പാരച്യൂട്ടിൽ തൂങ്ങിക്കിടന്ന ദമ്പതിമാർ കടലിൽ വീണു. തമിഴ്‌നാട് കമ്പം സ്വദേശികളായ മൗര്യ സാഗർ, ഭാര്യ സുരേഖർ എന്നിവരാണ് അരമണിക്കൂറോളം കടലിൽ കിടന്നത്. തിങ്കളാഴ്ച വൈകീട്ട് 3.30 ഓടെ ഗ്രോവ് ബീച്ചിലെ കടലിൽ തീരത്ത് നിന്ന് അരക്കിലോമീറ്റർ അകലെയായിരുന്നു അപകടം.കോവളം തീരത്ത് പാരാസെയിലിങ് നടത്തുന്ന സ്വകാര്യ കമ്പനിയുടെ ബോട്ടിൽ ഘടിപ്പിച്ചിട്ടുള്ള പാരച്യൂട്ടിൽ തൂങ്ങിക്കിടന്ന ദമ്പതിമാരാണ് അപകടത്തിൽപ്പെട്ടത്. പാരച്യൂട്ട് ബന്ധിപ്പിക്കാനായി ഇവർ അണിഞ്ഞിരുന്ന ബെൽറ്റിലെ കൊളുത്തിളകിയതാണ് അപകടത്തിനിടയാക്കിയത്. ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നതിനാൽ വെള്ളത്തിൽ താഴ്ന്നുപോയില്ല. ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ ഇവരുടെ കുട്ടികളുമുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെ പാരാസെയിലിങ് നടത്തിപ്പുകാർ തന്നെ മറ്റൊരു ബോട്ടെത്തിച്ച് കരയ്‌ക്കെത്തിച്ചു.