ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

 

പെരിങ്ങമല : രണ്ട് മാസത്തിനിടെ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇടിഞ്ഞാര്‍, കൊച്ചുവിള ആദിവാസി ഊരുകള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിച്ചു. അഞ്ച് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ തിരിഞ്ഞു നോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതീവ പരിഗണന അര്‍ഹിക്കുന്ന ഈ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ ജാഗ്രത കാട്ടണം. ആദിവാസി മേഖലയില്‍ ലഹരി സംഘം പിടിമുറുക്കിയിരിക്കുകയാണ്. ആണ്‍കുട്ടികളെ മാത്രമല്ല പെണ്‍കുട്ടികളെയും ഇരകളാക്കുന്ന വലിയൊരു റാക്കറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനാറും പതിനേഴും വയസുള്ള വിദ്യാര്‍ഥിനികളെയാണ് ഇരകളാക്കി മാറ്റുന്നത്. പുറത്തു നിന്നുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇവിടേക്ക് എത്തുന്നതും സംശയാസ്പദമാണ്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് സമഗ്രമായ അന്വേഷണമല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

ആദിവാസികളുടെ ഉന്നമനത്തിനുള്ള പദ്ധതികളിലും സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. ആദിവാസി ക്ഷേമമല്ല ചൂഷണമാണ് ഭരണകൂടം നടത്തുന്നത്. മരിച്ച കുട്ടികളുടെ വീട്ടില്‍ പോലും ട്രൈബല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ല. സ്‌റ്റേറ്റ് ആണ് ഈ മരണങ്ങളുടെ ഉത്തരവാദി. ഒരു കുടുംബത്തില്‍ പോലും ഇനി ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. മരിച്ച അഞ്ച് പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി അധ്യക്ഷന്‍ പാലോട് രവി, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!