വിഴിഞ്ഞം: വിഴിഞ്ഞത്തെ പുതിയ വാർഫിന് സമീപം മുങ്ങിയ ടഗ്ഗ് കണ്ടം ചെയ്യാൻ നടപടികളായി. മെറ്റൽ ആൻഡ് സ്ക്രാപ്പ് ട്രേഡിംഗ് കോർപ്പറേഷനെന്ന കേന്ദ്ര സർക്കാർ നിയന്ത്രിത കമ്പനി മുഖേന ഓൺലൈൻവഴി ലഭിച്ച മൂന്ന് ടെൻഡറുകൾ ഇന്നലെ പൊട്ടിച്ചു. 50.11 ലക്ഷം രൂപയാണ് ഏറ്റവും വലിയ ടെൻഡർ തുകയായി ക്വാട്ട് ചെയ്‌തിട്ടുള്ളത്. ടഗ്ഗ് മാറ്റാത്തതിനാൽ തീരസംരക്ഷണ സേനയുടെ ബർത്ത് നിർമ്മാണം പൈലിംഗിൽ തന്നെ ഒതുങ്ങിയ നിലയിലായിരുന്നു. 2015ൽ ഇന്ധനച്ചോർച്ചയെ തുടർന്ന് വാർഫിൽ അടുപ്പിച്ച ബ്രഹ്മക്ഷര എന്ന ടഗ്ഗ് 2018ഓടെ കടലിൽ മുങ്ങുകയായിരുന്നു.