തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് മുതൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകും. പരമാവധി കുട്ടികളെ വാക്സിൻ നൽകി സുരക്ഷിതരാക്കാനാണ് സ്കൂളുകളിൽ വാക്സിനേഷൻ നടത്താൻ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് ക്രമീകരണങ്ങൾ നടത്തിയത്. 15 മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെ കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. വാക്സിനേഷനായി 967 സ്കൂളുകൾ സജ്ജമാക്കിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൂർണമായും കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും വാക്സിനേഷൻ പ്രവർത്തിക്കുക. 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ എടുത്തെന്ന് എല്ലാ രക്ഷിതാക്കളും ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു.