തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമെന്ന് സംസ്ഥാനമന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ജാഗ്രത കര്‍ശനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. രോഗവ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ നാളെ ചേരുന്ന വിദഗ്ധര്‍ ഉള്‍പ്പെടുന്ന കോവിഡ് അവലോകന യോഗം തീരുമാനമെടുക്കും. അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായാണ് മന്ത്രിസഭായോഗത്തില്‍ സംബന്ധിച്ചത്. ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ യോഗത്തില്‍ വിശദീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും രണ്ടാം തരംഗത്തിലേതുപോലെ, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണെന്ന് മന്ത്രിസഭായോഗത്തില്‍ വിലയിരുത്തലുണ്ടായി.