തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ തിരിച്ച മൂന്ന് വിഭാഗത്തിലും ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. മൂന്ന് വിഭാഗങ്ങളായാണ് ജില്ലകളെ തിരിച്ചതെങ്കിലും കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ ഒരു ജില്ലപോലുമില്ല. അതിനാല്‍ ബി വിഭാഗത്തിലുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് മുതല്‍ നിയന്ത്രണം കര്‍ശനമാകുന്നത്. പൊതുപരിപാടികള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും പൂര്‍ണവിലക്കാണ്. സ്വകാര്യ പരിപാടികളിലും 20 പേരായി കുറച്ചു.
എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ വിഭാഗത്തില്‍. 50 പേരെ ഉള്‍പ്പെടുത്തി പൊതു–സ്വകാര്യ പരിപാടികള്‍ നടത്താം. ഈ രണ്ട് വിഭാഗത്തിലുമുള്ള എട്ട് ജില്ലകളില്‍ നേരത്തെ പലതരം നിയന്ത്രണം പ്രഖ്യാപിച്ച് കലക്ടര്‍മാര്‍ ഇറക്കിയ ഉത്തരവുകളെല്ലാം ഇന്ന് മുതല്‍ റദ്ദാകും. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടില്ല. ഇവിടെ ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാവും ബാധകമാവുക. ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുയിടങ്ങളിലുമെല്ലാം ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. മാസ്ക്, കോവിഡ് നിയമലംഘനം എന്നിവയ്ക്കും കൂടുതല്‍ കേസെടുത്ത് തുടങ്ങും. വിദ്യാലയങ്ങളിലേര്‍പ്പെടുത്തിയ നിയന്ത്രണം പ്രകാരം 1 മുതല്‍ 9 വരെയുള്ള ക്ളാസുകള്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് അടച്ച് ഓണ്‍ലൈന്‍ മാത്രമാക്കും. 10,11,12 ക്ളാസുകളും കോളജുകളും തുടരും