തിരുവനന്തപുരം :ജില്ലയിലെ കോവിഡ് പ്രതിരോധത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായി മൂന്ന് കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്. ചെറിയ ലക്ഷണങ്ങളോടുകൂടിയ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനാണ് സി.എസ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നത്. പേരൂർക്കട ഇ.എസ്.ഐ ആശുപത്രി, നെടുമങ്ങാട് റിംസ് ആശുപത്രി, എഫ്.എച്ച്.സി ചെങ്കൽ എന്നിവയെയാണ് ദുരന്തനിവാരണനിയമം 2005 പ്രകാരം ജില്ലാ കളക്ടർ സി.എസ്.എൽ.ടി.സികളായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള പേരൂർക്കട സർക്കാർ ഇ.എസ്.ഐ ആശുപത്രിയിൽ 60 കിടക്കകളോടെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സി.എസ്.എൽ.ടി.സിയുടെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പുവരുത്താൻ ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ടിനെയും ചുമതലപ്പെടുത്തി.
നിലവിൽ സി.എഫ്.എൽ.ടി.സിയായി പ്രവർത്തിക്കുന്ന നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ റിംസ് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ എഫ്.എച്ച്.സി എന്നീ ആശുപത്രികളെ സി.എസ്.എൽ.ടി.സി ആയി അപ്‌ഗ്രേഡ് ചെയ്തു. റിംസ് ആശുപത്രിയിൽ 80 കിടക്കകളും എഫ്.എച്ച്.സി ചെങ്കലിൽ 50 കിടക്കകളും അനുവദിച്ചിട്ടുണ്ട്.
സി.എസ്.എൽ.ടി.സികളിൽ 20 ശതമാനം കിടക്കകൾ ഓക്‌സിജൻ സൗകര്യങ്ങളോട് കൂടിയുള്ളതാകണമെന്ന് ജില്ലാ ഇൻഫ്രാസ്ട്രക്ചർ നോഡൽ ഓഫീസർ ഉറപ്പുവരുത്തണമെന്നും ആവശ്യാനുസരണം ഓക്‌സിജൻ കിടക്കകളുടെ എണ്ണം കൂട്ടണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. സി.എസ്.എൽ.ടി.സികൾക്കാവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവി(സിറ്റി,റൂറൽ)-യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.