തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപകന് ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചു.വെള്ളയാണി വാളങ്കോട് സ്വദേശി ഉത്തമൻ (47) നെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2019 ഫെബ്രുവരി 21 വൈകിട്ട് നാലോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.പാങ്ങപ്പാറയിലുള്ള വീട്ടിൽ ട്യൂഷൻ എടുക്കാൻ വന്നതാണ് പ്രതി. ക്ലാസ്സ് ആരംഭിച്ചപ്പോൾ മൂത്രം ഒഴിക്കുന്നതും അവിടം ശുദ്ധിയാക്കുന്നതിനെ സംബന്ധിച്ച് പ്രതി കുട്ടിയോട് പറഞ്ഞു. എന്നിട്ട് മൂത്രം ഒഴിക്കാൻ കുട്ടിയെ നിർബന്ധിച്ച് പറഞ്ഞയച്ചു. ഇതിന് പോകുന്ന സമയം പ്രതി കുട്ടിയുടെ പിൻഭാഗത്ത് തടവി. തുടർന്ന് കുട്ടിയുടെ ഡ്രസ്സ് പൊക്കാൻ പിൻഭാഗത്ത് പിടിച്ചു.ഇത് തുടർന്നപ്പോൾ കുട്ടി തടഞ്ഞു.പ്രതി മൊബൈലിൽ കൂടി അശ്ശീല ചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും അശ്ലീല ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.ഈ സമയം ക്ലാസ്സ് തുടരാമെന്ന് കുട്ടി ആവശ്യപ്പെട്ടെങ്കിലും പ്രതി സമ്മതിച്ചില്ല.
തുടർന്ന് പ്രതിയുടെ മടിയിൽ പിടിച്ച് ഇരുത്താൻ ശ്രമിക്കുകയും ഉമ്മ നൽകാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും കുട്ടി സമ്മതിച്ചില്ല. കുട്ടി ബഹളം വെക്കുമെന്ന് സംശയം തോന്നിയ പ്രതി ട്യൂഷൻ നിർത്തി പോവുകയായിരുന്നു.രാത്രി ഓഫീസിൽ നിന്ന് അമ്മ വീട്ടിൽ എത്തിയപ്പോൾ ഭയന്ന നിലയിൽ നിൽക്കുന്ന കുട്ടിയെ കണ്ട് ചോദിച്ചപ്പോഴാണ് സംഭവം കുട്ടി പറയുന്നത്.പ്രതിയെ ഭയന്ന് ഇരുവരും അന്നത്തെ ദിവസം പുറത്ത് പറഞ്ഞില്ല. അടുത്ത ദിവസം ഓഫീസിലിരുന്ന് കുട്ടിയുടെ അമ്മ കരയുന്നത് കണ്ട കൂട്ടുകാരിയാണ് പൊലീസിൽ പരാതി നൽക്കാൻ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി .മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ മ്മാരായ പി.ഹരിലാൽ, ജെ.രാജീവ് എന്നിവരാണ് കേസ് അന്വെഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.