കിളിമാനൂർ: അന്തഃസംസ്ഥാന മോഷ്ടാവിനെ പോക്സോ കേസിൽ പള്ളിക്കൽ പോലീസ് അറസ്റ്റുചെയ്തു. പാരിപ്പള്ളി കിഴക്കനേല, കടമ്പാട്ടുകോണം, മിഥുൻ ഭവനിൽ മിഥുൻ(അച്ചു-24) ആണ് അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ 40-ൽപ്പരം കേസുകളിൽ പ്രതിയാണ് ഇയാൾ. നവംബർ 30-ന് ഏഴുവയസ്സുകാരിയെ വീട്ടിൽക്കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.ഇയാളെ നിരവധി മാലപൊട്ടിക്കൽ, പിടിച്ചുപറി കേസുകളിൽ തമിഴ്നാട് പോലീസിന്റെ പ്രത്യേക സ്ക്വാഡും രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചും നിരവധി തവണ അറസ്റ്റ് ചെയ്യാനായി എത്തിയെങ്കിലും കഴിഞ്ഞില്ല. ആളൊഴിഞ്ഞ ഇടങ്ങളിലും വയലുകളിലും ആൾപ്പാർപ്പില്ലാത്ത വീടുകളിലും മാറിമാറി കഴിയുന്ന ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു.കേസുമായി ബന്ധപ്പെട്ട് പള്ളിക്കൽ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് വെട്ടിയറയിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവും ലഹരിമരുന്നുകളും ഉപയോഗിക്കുന്നയാളാണ് മിഥുൻ. കല്ലമ്പലം, കൊട്ടിയം, ചടയമംഗലം, പരവൂർ, കിളിമാനൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകൾ നിലവിലുണ്ട്. വർക്കലയിൽ രണ്ട് മാല മോഷണവും പള്ളിക്കൽ സ്റ്റേഷനിൽ നാല് കേസുകളിലും പ്രതിയാണ്.സ്വദേശമായ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ മാല മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, ഭവനഭേദനം, മോഷണം തുടങ്ങി 10 കേസുകളിൽ പ്രതിയാണ്. കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളിപ്പട്ടികയിലുള്ള ഇയാൾക്കെതിരേയുള്ള കേസുകളുടെ അടിസ്ഥാനത്തിൽ ‘കാപ്പ’ ചുമത്തി നാടുകടത്താനുള്ള നടപടികളിലാണ് പാരിപ്പള്ളി പോലീസ്.