തിരുവനന്തപുരം: നഗരവികസനത്തിനായുള്ള മാസ്റ്റർപ്ലാൻ അവസാനഘട്ടത്തിലേക്ക്. ടൗൺ പ്ലാനിംഗ് വിഭാഗം തയ്യാറാക്കുന്ന മാസ്റ്റർപ്ലാനിന്റെ നടപടികൾ വൈകാതെ പൂർത്തിയാകുമെന്നാണ് വിവരം. ദുരന്തനിവാരണത്തിന് പ്രാധാന്യം നൽകുന്ന മാസ്റ്റർപ്ലാനിൽ നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള കർശന നിർദ്ദേശങ്ങളുണ്ടാകും. ഗൗരീശപട്ടം, കുണ്ടമൺകടവ്, മുടവൻമുഗൾ, ജഗതി, ആറ്റുകാൽ അടക്കമുളള സ്ഥലങ്ങളിൽ ഇനിയൊരു വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കാകും മുൻതൂക്കം. നഗരത്തിലെ വെള്ളക്കെട്ടും വെള്ളപ്പൊക്ക ഭീഷണിയും മറികടക്കാൻ സ്‌പോഞ്ച് സിറ്റി പദ്ധതി കൊണ്ടുവരണമെന്ന നഗര ദുരന്ത നിവാരണ അതോറിട്ടിയുടെ നിർദ്ദേശം ടൗൺ പ്ലാനിംഗ് വിഭാഗം ഗൗരവത്തിലെടുത്തിട്ടുണ്ട്. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള കൈവഴികൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് പുനക്രമീകരിക്കുകയോ അതിന് കഴിഞ്ഞില്ലെങ്കിൽ പുതിയ കൈവഴികൾ ക്രമീകരിക്കുകയോ ചെയ്യണം. മാലിന്യങ്ങൾ ജലസ്രോതസുകളിലും പൊതുയിടങ്ങളിലും നിക്ഷേപിക്കുന്നത് ഒഴിവാക്കി മാലിന്യ നിർമാർജ്ജനത്തിന് മികച്ച വഴി കണ്ടെത്തണം തുടങ്ങിയ നിർദ്ദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്.