വിതുര: ഒന്നാം ക്ലാസ് മുതൽ ആറാം ക്ലാസുവരെ ബാലികയെ പീഡിപ്പിച്ച ബന്ധുവായ പ്രതിക്ക് കോടതി 27 വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിതുര ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണിയെയാണ് (55) നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ശിക്ഷിച്ചത്. ജഡ്ജി എസ്.ആർ. ബിൽകുലിന്റേതാണ് വിധി. പ്രതി കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. 2019ലാണ് അവസാന സംഭവം. ഇതോടെ കുട്ടി അദ്ധ്യാപികയോട് കാര്യങ്ങൾ പറയുകയായിരുന്നു. തുടർന്നാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. പിഴത്തുക മുഴുവനും കുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും തുക നൽകാതിരുന്നാൽ ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും വിധിയിൽ പറയുന്നു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലിയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.