സ്വകാര്യ ആശുപത്രികള്‍ 50 % കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ നിര്‍ദേശം

coronavirus_in_india-770x433

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റര്‍ എന്നിവയുള്‍പ്പെടെ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുള്ളവരുടേയും മറ്റസുഖങ്ങളുള്ളവരുടേയും ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ബന്ധമായും കൈമാറണം. ഡേറ്റ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും. അതൊഴിവാക്കാന്‍ എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതാണ്. കോവിഡിന്റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. അതുപോലെ ഈ സമയത്തും മന്ത്രി പിന്തുണ അഭ്യര്‍ത്ഥിച്ചു. സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ (ആര്‍.ആര്‍.ടി) പ്രതിദിന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

 

അതിതീവ്ര വ്യാപന സമയത്ത് കോവിഡ് വാക്‌സിനേഷന്‍ ഡോസുകളുടെ ഇടയില്‍ ആരും കാലതാമസം വരുത്തരുതെന്ന് ആര്‍ആര്‍ടി യോഗം വിലയിരുത്തി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 83 ശതമാനമാണ്. കൃത്യമായ ഇടവേളകളില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതാണ്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 9 മാസത്തിനുശേഷം കരുതല്‍ ഡോസിന് അര്‍ഹരായവര്‍ മൂന്നാമത്തെ വാക്‌സിനും സ്വീകരിക്കേണ്ടതാണ്.

 

ആദ്യ ഡോസ് എടുക്കുന്നതിലൂടെ ശരീരം കോവിഡിനെതിരെയുള്ള പ്രതിരോധത്തിന് തുടക്കമിടുകയും ഭാഗിക പരിരക്ഷ ലഭ്യമാവുകയും ചെയ്യുന്നു. രണ്ടാമത്തെ ഡോസ് രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വര്‍ധിക്കാന്‍ സഹായിക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതോടെയാണ് ശരീരം പൂര്‍ണമായി പ്രതിരോധശേഷി ആര്‍ജിക്കുന്നത്. ഒരു ഡോസ് മാത്രമെടുത്തവരെ പൂര്‍ണ വാക്‌സിനേഷനായി കണക്കാക്കില്ല. വാക്‌സിനേഷന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എല്ലാവരും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ധരിക്കുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. കൊവിഷീല്‍ഡിനെ പോലെ ഫലപ്രദവും സുരക്ഷിതവും ആണ് കോവാക്‌സിനും. ഇനിയും വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!