പൂന്തുറ: പൂന്തുറ തീരത്തെ കടലേറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി ജിയോ ട്യൂബ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ചൈനയിൽ നിന്നാണ് ജിയോ ട്യൂബ് എത്തിച്ചത്. ഇത് സ്ഥാപിക്കുന്നതിനുള്ള ബാർജ്ജ്, ക്രെയിൻ, മറ്റ് യന്ത്രങ്ങൾ തുടങ്ങിയവയും വിദഗ്ദ്ധ തൊഴിലാളികളും സജ്ജരായി കഴിഞ്ഞു.പൂന്തുറ തീരത്ത് നിന്ന് 125 മീറ്റർ ഉള്ളിൽ തീരക്കടലിൽ 700 മീറ്റർ നീളത്തിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുക. ഇവ കടലിൽ അടുക്കേണ്ട സ്ഥലത്തിന്റെ ആഴം, ദൂരം എന്നിവയെല്ലാം സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ നിശ്ചയിച്ച് ഉറപ്പ് വരുത്തി.
ജിയോ ട്യൂബിൽ യന്ത്ര സഹായത്തോടെ മണൽ നിറച്ച് പിരമിഡ് രൂപത്തിലാണ് ആടുക്കുക. പൂന്തുറയിൽ സ്ഥാപിക്കുന്ന ആദ്യ ഘട്ടം വിജയം കണ്ടാൽ ശംഖുമുഖം വരെയുള്ള തീരക്കടലിൽ ഇതേ പദ്ധതി നടപ്പാക്കും. 150 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. പൂന്തുറയ്ക്കായി മാത്രം 19 കോടി വകയിരുത്തിയിട്ടുണ്ട്.ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻ ഐ ഒ റ്റി) യുടെ സാങ്കേതിക സഹായത്തോടെ തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.