വിഴിഞ്ഞം: മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്കെത്താതെ മുങ്ങി. പ്രതിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ മരിച്ചുവെന്ന് അഭിഭാഷകന്റെ അറിയിപ്പ്. മരിച്ചയാളിന്റെ മരണസർട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇതേ തുടർന്ന് വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തിൽ ‘പരേതനായ’ പ്രതി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി.തമിഴ്നാട് രാമേശ്വരം സ്വദേശി സിനായി മുഹമ്മദിനെയാണ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷം മുമ്പ് വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയെയാണ് പിടികൂടിയത്.
മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ജോൺസൺ, മുഹമ്മദാലി, സിനായി മുഹമ്മദ് എന്നിവർ റോബർട്ടിനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സിനായി മുഹമ്മദ് പിന്നീട് കോടതിയിൽ ഹാജരായില്ല. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രതിയുടെ അഭിഭാഷകനോട് വിഴിഞ്ഞം പോലീസ് വിവരമന്വേഷിച്ചപ്പോഴാണ് സിനായി മരിച്ചുവെന്ന് പറഞ്ഞത്, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.