വെള്ളറട:വീട്ടമ്മ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചതിനെ തുടർന്ന് സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തുകാൽ ചീരംകോട് പള്ളിവാതിൽക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. ഇവർ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് താൻ ആശുപത്രിയിൽ എത്തിച്ചതാണെന്ന് യുവാവ് പറയുന്നു. മരിച്ചനിലയിൽ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച സുഹൃത്ത് പൂവാർ പുതിയതുറ സ്വദേശി വിഷ്ണുവിനെ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിൽ ഏൽപ്പിച്ചു. വാട്സ് അപ്പ് വഴി ഇവർ തൂങ്ങിനിൽക്കുന്ന ദൃശ്യം കണ്ടാണ് പൂവാറിൽ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനൽകി. നാലുവർഷമായി ഗോപികയും വിഷ്ണുവും തമ്മിൽ പ്രണയത്തിലായിരുന്നു. ഈ വിവരം ഭർത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടർന്ന് ഗോപിക ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണു പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ വർക്ക്ഷോപ്പ് തൊഴിലാളിയായ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇവർക്ക് മൂന്നുവയസായ ഒരു കുട്ടിയുണ്ട്. വെള്ളറട പൊലീസ് കേസെടുത്തു