Search
Close this search box.

സ്കൂളിൽ മകളെ വിളിക്കാനെത്തിയ പിതാവിന് നേരേ പോലീസ് അതിക്രമം; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

IMG_27112021_191151_(1200_x_628_pixel)

 

തിരുവനന്തപുരം :  കോട്ടൺഹിൽ സ്കൂളിൽ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ മകളെ കൂട്ടിക്കൊണ്ട് പോകാനെത്തിയ അധ്യാപകനായ പിതാവിനോട് അപമര്യാദയായി പെരുമാറിയ പൂജപ്പുര ഗ്രേഡ് എസ് ഐ ക്കും അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്ത മ്യൂസിയം പോലീസിനുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.    ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.  പൂന്തുറ സെന്റ് തോമസ് സ്കൂളിലെ അധ്യാപകനായ ജാക്സൻ, 2021 ഏപ്രിൽ 22 ന് താൻ നേരിട്ട അപമാനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. കുട്ടികളെ വിളിക്കാനെത്തിയ രക്ഷിതാക്കളെ പൂജപ്പുര ഗ്രേഡ് എസ് ഐ യും ഒരു പോലീസുകാരനും ചേർന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോഴാണ് തനിക്കെതിരെ മ്യൂസിയം പോലീസ് കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു.    സിറ്റി പോലീസ് കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും പോലീസ് നടപടിയെ ന്യായീകരിച്ചതു കാരണം റിപ്പോർട്ട് കമ്മീഷൻ തള്ളി. തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു.

 

കോട്ടൺഹിൽ സ്കൂളിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്റെ സുരക്ഷാ ജോലിക്ക് നിയോഗിച്ചിരുന്ന പൂജപ്പുര ഗ്രേഡ് എസ് ഐയും സി പി ഒ യും പരാതിക്കാരനും തമ്മിലാണ് വാക്കുതർക്കത്തിൽ ഏർപ്പെട്ടതെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറഞ്ഞു. തുടർന്ന് എസ് ഐ യുടെ നിർദ്ദേശാനുസരണം സ്ഥലത്തെത്തിയ മ്യൂസിയം എസ് ഐ പരാതിക്കാരന്റെ വാഹനത്തിന്റെ ആർ സി ബുക്ക് വാങ്ങിക്കൊണ്ടു പോയി. പരാതിക്കാരനെതിരെ മ്യൂസിയം പോലീസ് ക്രൈം 569/21 നമ്പറായി കേസുമെടുത്തു. ഈ കേസാണ് പുനരന്വേഷിക്കേണ്ടത്. ഒപ്പം ഗ്രേഡ് എസ് ഐ യുടെ പ്രവർത്തിയും അന്വേഷിക്കണം. പരാതിക്കാരൻ തന്റെ മകളെ വിളിക്കാനാണ് സ്ഥലത്തെത്തിയതെന്ന കാര്യം പോലീസിന് അറിവുണ്ടായിരുന്നുവെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. എസ് ഐ യുടെ കൃത്യ നിർവഹണം പരാതിക്കാരൻ തടസ്സപ്പെടുത്തിയിട്ടില്ല. ഒരു തർക്കം മാത്രമാണ് ക്രൈം കേസിന് കാരണമായത്. തന്റെ മകൾക്ക് മുന്നിൽ വച്ച് ഗ്രേഡ് എസ് ഐ മോശമായി പെരുമാറിയത് പരാതിക്കാരന് മനോവിഷമത്തിന് കാരണമായിട്ടുണ്ട്. സ്കൂളിന് മുന്നിലുണ്ടായിരുന്ന രക്ഷകർത്താക്കൾ ഒരു ക്രിമിനൽ പ്രവർത്തിക്കും എത്തിയതല്ലെന്ന് എസ് ഐ മനസ്സിലാക്കണമായിരുന്നുവെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് യഥാർത്ഥ വസ്തുത മനസ്സിലാക്കാൻ കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!