കടയ്ക്കാവൂർ : നിരവധി വാഹന മോഷണ കേസുകളിലെയും മോഷണ വാഹനങ്ങൾ ഉപയോഗിച്ച് സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളയുന്ന സംഘത്തിലെ പ്രതികൾ പൊലീസ് പിടിയിൽ.2022 ജനുവരി 22ന് പുലർച്ചെ 6 മണിക്ക് കടയ്ക്കാവൂർ അങ്കിളിമുക്കിന് സമീപം 80 വയസ്സുള്ള വയോധികയെ ബൈക്കിലെത്തി ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതിനു ശേഷം സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ പ്രതികളായ പള്ളിപ്പുറം സ്വദേശി ഷമീർ, കടയ്ക്കാവൂർ സ്വദേശി അബിൻ എന്നിവരും സംഘത്തിലെ മറ്റു മൂന്നു പേരുമാണ് പിടിയിലായത്.പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് അന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്ത് നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ച വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിൽക്കുന്നതിനും പ്രതികളെ സഹായിച്ചിരുന്ന വക്കം സ്വദേശി അഖിൽപ്രേമൻ , ചിറയിൻകീഴ് സ്വദേശി ഹരീഷ്, നിലമേൽ സ്വദേശിനി ജെർനിഷ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.മോഷ്ടിച്ച സ്വർണാഭരണങ്ങൾ ജർണിഷയാണ് വിൽക്കാൻ പ്രതികളെ സഹായിച്ചിരുന്നത്. ജെർണിഷ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചു വരികയാണ്. ചാലക്കുടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി നോക്കി വരുകയായിരുന്നു ജെർനിഷ.
ഈ കേസിലെ പ്രതികളായ ഷമീർ ,അബിൻ എന്നിവർ കുപ്രസിദ്ധ വാഹന മോഷ്ടാക്കളും മുപ്പതോളം കേസുകളിലെ പ്രതികളുമാണ്. കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പ്രതികൾ നിരവധി മാല മോഷണം നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലിൽ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റു കിട്ടുന്ന പണം പ്രതികൾ ആഡംബര ജീവിതത്തിനും ഗോവ, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതിനുമാണ് ചെലവഴിക്കുന്നതെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ട്.വക്കം സ്കൂളിന് പിൻവശത്തുള്ള ഒരു വീട്ടിലാണ് പ്രതികൾ മോഷണ സാധനങ്ങൾ സൂക്ഷിച്ചിരുന്നതും രൂപമാറ്റം നടത്താൻ ഉപയോഗിച്ചതും . സിഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനുനേരെ പ്രതികൾ അക്രമം അഴിച്ചുവിട്ടു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു