‘സംസ്ഥാനത്തെ കോവിഡില്‍ 94 ശതമാനവും ഒമിക്രോണ്‍’

IMG_15012022_153407_(1200_x_628_pixel)

 

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വയലന്‍സിന്റെ ഭാഗമായി കോവിഡ് രോഗികളുടെ സാമ്പിള്‍ പരിശോധനയില്‍ 94 ശതമാനവും ഒമിക്രോണ്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആറ് ശതമാനം ആളുകളിലാണ് ഡെല്‍റ്റ കണ്ടെത്തിയത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയവരില്‍ നടത്തിയ പരിശോധനയില്‍ 80 ശതമാനവും ഒമിക്രോണും 20 ശതമാനം ഡെല്‍റ്റയുമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനതല വാര്‍ റൂം ആരംഭിച്ചു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കി. ട്രിഗര്‍ മാട്രിക്‌സിന്റെ മോണിറ്ററിംഗ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ആന്റ് ഒക്യുപ്പന്‍സി മെറ്റീരിയല്‍ മാനേജ്‌മെന്റ്, ഡേറ്റ ക്വാളിറ്റി ആന്റ് അനാലിസിസ്, റിപ്പോര്‍ട്ടിംഗ് എന്നിവയാണ് വാര്‍ റൂമിന്റെ പ്രധാന ദൗത്യം.

 

സംസ്ഥാനത്ത് ഐസിയു ഉപയോഗം 2 ശതമാനം കുറഞ്ഞിട്ടുണ്ട്. നിലവില്‍ കോവിഡും നോണ്‍ കോവിഡുമായി 40.5 ശതമാനം പേരാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. 59 ശതമാനത്തോളം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. വെന്റിലേറ്ററിലെ രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. 12.5 ശതമാനം പേരാണ് കോവിഡും നോണ്‍ കോവിഡുമായി വെന്റിലേറ്ററില്‍ ചികിത്സയിലുള്ളത്. 86 ശതമാനം വെന്റിലേറ്ററുകള്‍ ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഐസിയുവില്‍ 8.28 ശതമാനം കോവിഡ് രോഗികളും വെന്റിലേറ്ററില്‍ 8.96 ശതമാനം കോവിഡ് രോഗികളും മാത്രമാണുള്ളത്.

 

ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ ശതമാനം മൂന്നാണ്. 97 ശതമാനം പേര്‍ക്കും ഗൃഹ പരിചരണമാണ്. ആശുപത്രി ചികിത്സയ്ക്കും ഗൃഹ പരിചരണത്തിനും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. ഗൃഹപരിചരണത്തിലുള്ളവര്‍ അപായ സൂചനകള്‍ ശ്രദ്ധിച്ച് കൃത്യമായി ഡോക്ടറുടെ സേവനം തേടണം.

 

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലേയും അടിസ്ഥാന സൗകര്യം, കിടക്കകല്‍, ഐസിയു, വെന്റിലേറ്റര്‍ എന്നിവ ഓരോ ദിവസവും നിരീക്ഷിക്കുന്നതാണ്. രണ്ടാം തരംഗത്തില്‍ പ്രധാന ആശുപത്രികള്‍ കോവിഡിനായി മാറ്റിവച്ചിരുന്നു. എന്നാല്‍ മൂന്നാം തരംഗത്തില്‍ കോവിഡ് ചികിത്സയോടൊപ്പം നോണ്‍ കോവിഡ് ചികിത്സയും നല്‍കണം. നോണ്‍ കോവിഡ് ചികിത്സകള്‍ നല്‍കുമ്പോഴും, ഇനിയുള്ള കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ജില്ലകളില്‍ ലഭ്യമാണ് എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ ഇല്ല എന്നുപറഞ്ഞ് ആര്‍ക്കെങ്കിലും ചികിത്സ നിഷേധിച്ചാല്‍ ശക്തമായ നടപടി തന്നെ സ്വീകരിക്കുന്നതാണ്.

 

സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സ ഉറപ്പാക്കണം. 50 ശതമാനം കിടക്കകള്‍ കോവിഡിനായി മാറ്റിവയ്ക്കണം. ഡയാലിസിസ് ചികിത്സ ഉറപ്പാക്കണം. ആ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന രോഗിക്ക് കോവിഡായാല്‍ ഡയാലിസിസ് നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകരുത്. മെഡിക്കല്‍ കോളേജുകള്‍ കൂടാതെ ജില്ലയില്‍ രണ്ടിടത്തെങ്കിലും ഡയാലിസിസ് ചികിത്സ ഉറപ്പ് വരുത്തും.

 

കോവിഡ് സ്വയം പരിശോധന നടത്താതിരിക്കുന്നതാണ് അഭികാമ്യം. പരിചയ കുറവ് കാരണം പലപ്പോഴും തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. മാളുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. മരുന്നില്ല, ചികിത്സാ സൗകര്യങ്ങളില്ല എന്ന് തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ ആശങ്കപ്പെടുത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൃതദേഹം മാറിപ്പോയ സംഭവത്തില്‍ 2 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും മന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!