തിരുവനന്തപുരം :കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് ഇനിയും അപേക്ഷ നൽകിയിട്ടില്ലാത്തവർ ഉടൻ അപേക്ഷിക്കണമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ. മുഹമ്മദ് സഫീർ അറിയിച്ചു.ധനസഹായത്തിന് അപേക്ഷിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് വില്ലേജ് ഓഫീസുകളെയോ അക്ഷയ സെന്ററുകളെയോ സമീപിക്കാവുന്നതാണ്. ഈ ഞായറാഴ്ചയും വില്ലേജ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കാൻ വില്ലേജ് ഓഫീസുകളിലേക്കോ താലൂക്ക് ഓഫിസുകളിലേക്കോ പോകുന്നവർ മതിയായ രേഖകൾക്ക് ഒപ്പം സത്യവാങ്മൂലം കൂടി കരുതേണ്ടതാണെന്നും എ. ഡി.എം അറിയിച്ചു.relief.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും വില്ലേജ് ഓഫീസുകളിൽ നേരിട്ടും അപേക്ഷിക്കാനുള്ള സൗകര്യം ഉണ്ട്.
കോവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മരണസർട്ടിഫിക്കറ്റ്, ഐ.സി.എം.ആർ നൽകിയ മരണസർട്ടിഫിക്കറ്റ് അഥവാ ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ, അപേക്ഷകനും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവ സഹിതമാണ് പൊതു ജനങ്ങൾ അപേക്ഷിക്കേണ്ടത്.
ഡെത്ത് ഡിക്ലറേഷൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ലാത്തവർ സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ മതി.സംശയ നിവാരണത്തിനായി താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കളക്ടറേറ്റ്- 9497711281 തിരുവനന്തപുരം- 9497711282 നെയ്യാറ്റിൻകര- 9497711283 കാട്ടാക്കട- 9497711284 നെടുമങ്ങാട്- 9497711285 വർക്കല- 9497711286 ചിറയിൻകീഴ്- 9497711287