തിരുവനന്തപുരം: പുതുവർഷത്തിലെ ആദ്യമാസം 1600 പുതിയ തൊഴിലവസരങ്ങളാണ് ടെക്നോപാർക്കിൽ. 1.10 ലക്ഷം ചതുരശ്ര അടിയിൽ 30 കമ്പനികളാണ് ഈ മാസം തുടങ്ങുക.ഇതിനുള്ള നടപടികൾ പൂർത്തിയായി. ഇതുൾപ്പെടെ 41കമ്പനികൾക്കുള്ള സൗകര്യങ്ങളാണിവിടെ ഒരുക്കുന്നത്. നിലവിൽ 465 കമ്പനികളിലായി 63,700 ജീവനക്കാരാണ് ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ബഹിരാകാശ സാങ്കേതിക വിദ്യകളുടെ ഉല്പാദനവും വിപണനവും ലക്ഷ്യമിട്ട് ടെക്‌നോസിറ്റിയിൽ പ്രവർത്തനമാരംഭിക്കാനൊരുങ്ങുന്ന ടി.സി.എസ് എയ്‌റോസ്‌പേസ് ഹബ്, ലിവ് വർക്ക് പ്ലേ സങ്കൽപ്പത്തിൽ ടെക്‌നോപാർക്ക് ഫേസ് ത്രീ കാമ്പസിൽ 57 ലക്ഷം സ്‌ക്വയർഫീറ്റ് വിസ്തൃതിയിലൊരുങ്ങുന്ന എംബസി ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രം, ടെക്‌നോസിറ്റിയിലൊരുങ്ങുന്ന ബ്രിഗേഡ് എന്റർപ്രൈസസിന്റെ വേൾഡ് ട്രേഡ് സെന്റർ തിരുവനന്തപുരം തുടങ്ങിയ സംരംഭങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.