വെള്ളറട: ഒരു കോടി 39 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിലായി. നിരവധി പേരിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പർ മാർക്കറ്റ് തുടങ്ങാനെന്ന വ്യാജേന പണം തട്ടിയെടുത്ത കേസിലാണ് കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ കൊല്ലിയിൽ വീട്ടിൽ സിൻജിത്ത് (38) പിതാവ് വേലായുധൻ (71) എന്നിവർ അറസ്റ്റിലായത്. കുന്നത്തുകാൽ കാരക്കോണം അണ്ടൂർക്കോണം ചതുരവിളാകം വീട്ടിൽ അഹമ്മദ് നയാബിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കേസിൽ മൂന്നാം പ്രതിയായ നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഷിറാനെ ഇനിയും പിടികൂടാനുണ്ട്. കാലാവധി പലതുകഴിഞ്ഞിട്ടും സ്ഥാപനം തുടങ്ങുകയോ പണം തിരികെ കൊടുക്കാൻ തയ്യാറാവുകയോ ചെയ്യാത്തതിനാലും കൊല്ലുമെന്ന ഭീഷണി മുഴക്കിയതോടെയുമാണ് പരാതിക്കാർ നെയ്യാറ്റിൻകര കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശത്തെ തുടർന്ന് 2021ൽ വെള്ളറട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനിടെ ബാങ്കുവഴി ട്രാൻസ്‌ഫർ ചെയ്ത പണം തിരികെ നൽകാമെന്ന് കരാർ ഉണ്ടാക്കിയിരുന്നു. കരാർ പാലിക്കാത്തതിനെ തുടർന്ന് വിദേശത്തായിരുന്ന പ്രതികൾ നാട്ടിലെത്തിയപ്പോൾ വെള്ളറട പൊലീസ് കോഴിക്കോട്ടെത്തി ഇവരെ പിടികൂടുകയായിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ‌് ചെയ്തു.