ബാലരാമപുരം: കൂടെ ജോലി ചെയ്യുന്ന ജീവനക്കാരന്റെ മാല കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പൊലീസ് പിടിയിലായി. ബാലരാമപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ കൃഷ്ണ ഹോട്ടലിലാണ് സംഭവം.കൃഷ്ണ ഹോട്ടലിലെ ജീവനക്കാരനായ കാട്ടാക്കട കീഴാവൂർ സ്വദേശി സുകുമാരൻ നായർ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് ഹോട്ടലിലെ വിശ്രമമുറിയിൽ കിടന്നുറങ്ങുമ്പോൾ, സമീപത്ത് കിടന്നിരുന്ന പൂവാർ അരുമാനൂർ നയിനാർ ക്ഷേത്രത്തിന് പിറകുവശം വെള്ളയൻ കടവ് വീട്ടിൽ പൈങ്കിളി എന്ന് വിളിക്കുന്ന പ്രദീപ് (36) വെളുപ്പിന് ഒന്നോട് കൂടി സുകുമാരൻ നായരുടെ കഴുത്തിൽക്കിടന്ന മാല കൊളുത്ത് ഇളക്കി മാറ്റി വലിച്ചെടുത്തു. ഈ സമയം സുകുമാരൻനായർ ഉണർന്ന് ബഹളം വച്ചതോടെ പ്രദീപ് മാലയുമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ ബാലരാമപുരം പൊലീസ് നടത്തിയ തെരച്ചിലിൽ ബാലരാമപുരം ജംഗ്ഷനിൽ വച്ച് പ്രതിയെ പിടികൂടി.