നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 18 വർഷം കഠിനതടവിനു ശിക്ഷിച്ച് നെയ്യാറ്റിൻകര പോക്സോ കോടതി.അരുമാനൂർ നയിനാർ ക്ഷേത്രത്തിനു സമീപം മണലിത്തോട്ടം വീട്ടിൽ ജിനുദാസി(38)നെയാണ് പോക്സോ കേസുകൾക്കായുള്ള നെയ്യാറ്റിൻകര ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി വി.ഉദയകുമാർ ശിക്ഷിച്ചത്.
2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മൂമ്മയെ പെൺകുട്ടിയാണ് പരിചരിച്ചിരുന്നത്. ഇവിടെവെച്ചാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു.
ഗർഭിണിയായ പെൺകുട്ടിയെ പ്രതി പിന്നീട് ഉപേക്ഷിച്ചു. നെയ്യാറ്റിൻകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ജിനുദാസിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിക്കു കഠിനതടവിനു പുറമേ രണ്ടുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം വെറും തടവും അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ ഹാജരായി.