നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 5 നെയ്യാർ ഷട്ടിൽ സർവ്വീസുകളാണ് ആരംഭിക്കുന്നത്. സർവ്വീസുകളുടെ യാത്ര ഫെബ്രുവരി 2ന് രാവിലെ എട്ട് മണിക്ക് കെ.ആൻസലൻ എം.എൽ.എ ഫ്ലാഗ് ഓഫ് നിർവ്വഹിക്കും. നെയ്യാറ്റിൻകര മുതൽ പള്ളിച്ചൽ വരെയുള്ള യാത്രക്കാരെയാണ് നെയ്യാർ സർവ്വീസുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. പളളിച്ചലിൽ നിന്ന് യഥേഷ്ടം സിറ്റി സർക്കുലറുകൾ നഗരത്തിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. വരും നാളുകളിൽ രാവിലെയും വൈകിട്ടും ആവശ്യമനുസരിച്ച് നോൺ സ്റ്റോപ്പ് സർവീസുകളും ക്രമീകരിക്കാനും നെയ്യാർ ഷട്ടിൽ സർവ്വീസുകളിൽ ടിക്കറ്റ് എടുക്കുന്ന ഘട്ടത്തിൽ തന്നെ മടക്കയാത്രാ ടിക്കറ്റുകളും വിതരണം ചെയ്യാനും കെ.എസ്.ആർ.ടി.സി ആലോചിക്കുന്നു. ഇതിൽ കൺസഷൻ ടിക്കറ്റുകളും സ്റ്റാഫ് പാസുകളും അനുവദനീയമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഭാവിയിൽ യാത്രക്കാരുടെ ആവശ്യാനുസരണം നെയ്യാർ ഷട്ടിലുകളുടെ എണ്ണം വർദ്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.