തിരുവനന്തപുരം : ജോലി വാഗ്ദാനംചെയ്തു തട്ടിപ്പു നടത്തിയ കേസിൽ യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജെ.എം. അപ്പാർട്ടുമെന്റിൽ രണ്ട് ഡി ഫ്ളാറ്റിൽ ഇന്ദു (സാറ -35), ചേർത്തല നഗരസഭ 34-ാം വാർഡ് മന്നനാട്ട് വീട്ടിൽ ശ്രീകുമാർ (53) എന്നിവരെയാണു ചേർത്തല പോലീസ് അറസ്റ്റുചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലും മാനേജ്മെന്റ് സ്കൂളുകളിലും ജോലി വാഗ്ദാനംചെയ്ത് കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണു പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.ഇതുവരെ 38-ഓളം പരാതികളാണ് ഇവർക്കെതിരേ ചേർത്തല പോലീസിനു ലഭിച്ചത്. വിവാഹത്തിലൂടെ ആലപ്പുഴ കലവൂരിലെത്തിയ സാറയെന്നു വിളിക്കുന്ന ഇന്ദുവാണു തട്ടിപ്പിലെ മുഖ്യ സൂത്രധാരയെന്നാണ് പോലീസ് പറയുന്നത്. ഇവർക്കെതിരേ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ രണ്ടു സാമ്പത്തിക വഞ്ചനക്കേസുകൾ നിലവിലുണ്ട്. വയനാട് അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ ഒൻപതു പേരിൽ നിന്നായി 18 ലക്ഷം തട്ടിയതായ പരാതിയും ഉണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡുചെയ്തു.